Sunday, 4 March, 2012

ഉല്പത്തി - ആറാം ദിവസം

ആദിയിൽ ദൈവം അണ്ഡകടാഹം മുഴുവനും സൃഷ്ടിച്ചു. പിന്നീട് ഭൂമിയിൽ ജീവൻ സൃഷ്ടിച്ചു. ദൈവത്തിന്റെ ലബോറട്ടറിയിൽ തിരക്കിന്റെ ദിവസങ്ങളായിരുന്നു അത്. ഓരോ സൃഷ്ടി കഴിഞ്ഞും അതിനടുത്ത മോഡൽ മുന്നത്തേതിനേക്കാളും നന്നാക്കി ഉണ്ടാക്കണമെന്ന് ദൈവത്തിന് നിർബന്ധമായിരുന്നു. ആർ ആൻഡ് ഡി കാർക്ക് വിശ്രമമില്ലാത്ത പണി. സൃഷ്ടിച്ച് സൃഷ്ടിച്ച് കുരങ്ങനെ വരെ സൃഷ്ടിച്ചു.

പിറ്റേ ദിവസം ശനിയാഴ്ചയായിരുന്നു. കരാർ പ്രകാരം ശനിയും ഞായറും ലീവ് കിട്ടേണ്ടതാണ്. ദൈവത്തിനാണെങ്കിൽ സൃഷ്ടികർമ്മം ഈയൊരൊറ്റ ആഴ്ചകൊണ്ട് തീർക്കണമെന്ന് നിർബന്ധവും. അവസാനം സാറ്റർഡേ വർക്കിംഗ് ഡേ ആക്കാൻ തീരുമാനമായി.

സൃഷ്ടികളിൽ ഏറ്റവും ഉത്തമമായ മനുഷ്യനാണ് ശനിയാഴ്ചത്തെ ഒറ്റ ഐറ്റം. പ്രൊജക്റ്റ് ആദം എന്ന് കോഡിട്ടിരിക്കുന്ന പ്രൊജക്റ്റിന്റെ ചുക്കാൻ പിടിക്കുന്നത് ലൂസിഫർ എന്ന മാലഖയാണ്. ഏറ്റവും അഡ്വാനസ്ഡ് ആയ തലച്ചോറാണ് മനുഷ്യനു വേണ്ടി തയ്യാറാക്കിയിരിക്കുന്നത്. ഇത്രയും നല്ല തലച്ചോറുള്ള, ചിന്തിക്കാൻ കെൽപ്പുള്ള മനുഷ്യന് ഭൂമിയിലെ ജീവിതം കഷ്ടപ്പാടുകൾ നിറഞ്ഞതാവുമെന്ന് ലൂസിഫറിനു മനസ്സിലായി. തന്റെ സൃഷ്ടിയോട് വളരെയേറെ സ്നേഹമുണ്ടായിരുന്ന ലൂസിഫർ പ്രത്യേകമായി ഒരു അവയവം ഡിസൈൻ ചെയ്യുന്നുണ്ടായിരുന്നു. അതിലൂടെ അവനു വളരെയേറെ സുഖം ലഭിക്കുമെന്നും ഭൂമിയിലെ ജീവിതത്തിൽ കുറച്ച് സമയമെങ്കിലും സന്തോഷിക്കാൻ അവന് അവസരം ലഭിക്കുമെന്നും ലൂസിഫറിനറിയാമായിരുന്നു.

അവസാനം ദൈവം പോലുമറിയാതെ ലൂസിഫർ മനുഷ്യന്റെ പ്രോട്ടോടൈപ്പിൽ പരിഷ്കരിച്ച അവയവം ഫിറ്റ് ചെയ്തു. ടെസ്റ്റിംഗിൽ പക്ഷേ ഒരു പ്രശ്നം. പുതിയ അവയവം പ്രവർത്തനക്ഷമമായിക്കഴിഞ്ഞാൽ മനുഷ്യന്റെ ശരീരം മൊത്തം തളരുന്നു. യൂണിറ്റ് ടെസ്റ്റിംഗിൽ ഒരു പ്രശ്നവുമില്ലാതിരുന്നതാണ്. ഇനിയൊരു അഴിച്ചുപണിയ്ക്ക് സമയമില്ല. ഡെഡ്‌ലൈൻ ഇങ്ങെത്തിക്കഴിഞ്ഞു. ദൈവം ചൂടായി തുടങ്ങി. രണ്ടും കൽപ്പിച്ച് ലൂസിഫർ ചെറിയൊരു റീവയറിംഗ് നടത്തി. വീണ്ടും ടെസ്റ്റ് ചെയ്തപ്പോൾ ദാ എല്ലാ പ്രശ്നവും തീർന്നിരിക്കുന്നു.

ആദാമിനെ പ്രൊഡക്ഷൻ ലൈനിലേക്ക് മാറ്റാൻ തുടങ്ങുമ്പോഴാണ് ഗബ്രിയേലിന്റെ വക ഒരു പാര. ഇത്രേം ബുദ്ധിയുള്ള മനുഷ്യൻ പെറ്റ് പെരുകിയാൽ അവൻ ഒരു ദിവസം ദൈവത്തേയും ദൈവത്തിന്റെ കമ്പനിയേയും ടേക്ക് ഓവർ ചെയ്തേക്കുമെന്ന് അവൻ ദൈവത്തിന്റെ ചെവിയിൽ വേദമോതി. ദൈവത്തിനും സംഭവം കറക്റ്റാണെന്ന് തോന്നി. ഇനിയിപ്പോ ഒരു റീഡിസൈനിങ്ങിന് സമയമില്ലാതിരിക്കേ എന്താണ് വഴിയെന്ന് എല്ലാവരും ബ്രയിൻസ്റ്റോം ചെയ്തു. അവസാനം ഗബ്രിയേൽ തന്നെ ഒരു പാച്ച് നിർദ്ദേശിച്ചു. പിള്ളേരുണ്ടായാൽ ജീവിതം മൊത്തം കട്ടപൊകയാകുമെന്ന ഒരു ഭയം അവന്റെ തലച്ചോറിന്റെ ഫ്ലാഷ് മെമ്മറിയിൽ ലോഡ് ചെയ്ത് വെക്കുക. ആ ഭയം അവനെ സെക്സിൽ നിന്നും പിന്തിരിപ്പിക്കുമെന്ന് അവർ കണക്കു കൂട്ടി. അങ്ങനെ ആദ്യത്തെ മനുഷ്യൻ ആദം റിലീസായി.

പിന്നീടാണ് ലൂസിഫറും ദൈവവും തമ്മിൽ മനുഷ്യന്റെ പേറ്റന്റിനെ ചൊല്ലി ഉടക്കുകയും ലൂസിഫർ നരകം എന്ന ബ്രാൻഡിൽ പുതിയ കമ്പനി തുടങ്ങുകയും ചെയ്യുന്നത്. തന്റെ തലച്ചോറിന്റെ സന്തതിയായ മനുഷ്യനെ ദൈവം തന്നിൽ നിന്ന് അകറ്റിയതിൽ ലൂസിമുതലാളിക്ക് അതിയായ വിഷമമുണ്ടായിരുന്നു. മനുഷ്യനെ കൊണ്ട് തന്നെ ദൈവത്തെ തോൽപ്പിക്കാനുള്ള ഒരു ബുദ്ധി അങ്ങേരുടെ ഉള്ളിൽ തെളിഞ്ഞു. അങ്ങനെയാണ് അന്നത്തെ പ്രധാന ലോബിയിസ്റ്റായ പാമ്പിനെ കൂട്ട് പിടിച്ച് ഹവ്വയെ കോണ്ടാക്റ്റ് ചെയ്യുന്നത്. ആദാമിന്റെ അവയവത്തെക്കുറിച്ചും അത് തരുന്ന സുഖത്തെ കുറിച്ചും ലൂസിഫർ തയ്യാറാക്കിയ മൾട്ടിമീഡിയ പ്രസന്റേഷൻ പാമ്പാണ് തന്റെ ആപ്പിൾ ലാപ്പ്‌ടോപ്പിൽ ഹവ്വയെ കാണിക്കുന്നത്. അവയവം പ്രവർത്തിപ്പിക്കുക വഴി സ്വർഗ്ഗത്തിലെത്താമെന്ന് പറഞ്ഞപ്പോൾ ഹവ്വയ്ക്ക് ഒരിളക്കം. വിശ്വാസ്യതക്ക് വേണ്ടി ലൂസിഫർ പണ്ട് ചെയ്ത ബ്ലൂപ്രിന്റ്സും കാണിച്ചു. കമ്പ്ലീറ്റ് ഓപ്പറേഷൻ മാനുവലും പഠിപ്പിച്ചിട്ടാണ് പാമ്പ് ഹവ്വയെ ആദമിന്റെ അടുത്തേക്ക് പറഞ്ഞ് വിടുന്നത്.

പിന്നെ സംഭവിച്ചത് മൊത്തം ചരിത്രമായി ബൈബിളിലുണ്ട്. എങ്കിലും ദൈവത്തിനെ തോൽപ്പിക്കാനുള്ള വഴി ലൂസിഫറിന് തുറന്ന് കിട്ടുന്നത് പണ്ട് ലൂസിഫർ ചെയ്ത റീവയറിംഗ് മൂലമാണെന്ന് അധികമാർക്കും അറിയില്ല. തന്റെ തന്നെ കൈപ്പിഴകൊണ്ടുണ്ടായ ഒരു ബഗ്. പുതിയ അവയവം പ്രവർത്തനക്ഷമമാകുമ്പോൾ മറ്റ് വൈറ്റൽ ഓർഗൻസിലേക്ക് ആവശ്യത്തിന് രക്തയോട്ടമില്ലാത്തതാണ് പ്രശ്നമെന്ന് അന്ന് ലൂസിഫർ കണ്ടെത്തിയിരുന്നു. തലച്ചോറിലേക്ക് പോകേണ്ട രക്തത്തെ അവയവത്തിലേക്ക് ടെമ്പററിയായി തിരിച്ച് വിട്ടാണ് ലൂസിഫർ അന്ന് പ്രശ്നം പരിഹരിച്ചത്. പിള്ളേരെയുണ്ടാക്കാൻ ആകെ വേണ്ടിയിരുന്നത് അവയവത്തെ ഒന്ന് സ്റ്റാർട്ടപ്പ് ചെയ്യുക മാത്രം. ഹവ്വക്ക് കൊടുത്ത മാനുവലിൽ അതിനുള്ള ഇൻസ്റ്റ്രകഷൻസൊക്കെ ഉണ്ടായിരുന്നു.

പോസ്റ്റ് സ്ക്രിപ്റ്റ്:
ഈ ബഗ് ഇതുവരെ ഫിക്സ് ചെയ്യാൻ ദൈവത്തിന് കഴിഞ്ഞിട്ടില്ല. ഇന്നും അവയവം റെഡിയായാൽ ബ്രെയിൻ ഡെഡ്ഡാകും. ആണുങ്ങളായി പിറന്നവർക്കൊക്കെ അതറിയാം.

ഗ്ലോസറി:
ബ്ലൂപ്രിന്റ്: ഒരുതരം എഞ്ജിനീയറിംഗ് ഡ്രോയിംഗ്.

3 comments:

  1. ഇതൊരു തമാശ മാത്രം. :)

    ReplyDelete
  2. ഇതിപ്പഴും ആരെങ്കിലും വായിക്കുന്നുണ്ടെന്നത് തന്നെ അത്ഭുതം. താങ്ക്സ് ശ്രീ! :)

    ReplyDelete